അരീക്കോട്: അണ്ടർ ട്വന്റി മലപ്പുറം ജില്ല ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പായ ചക്കംതൊടിക ഗ്രൗണ്ടിൽ നിന്നും വളർന്നുവന്ന ടീം അംഗങ്ങൾക്കുള്ള സൗഹൃദ കൂട്ടായ്മയുടെ ആദരവും സൗഹൃദ കൂട്ടായ്മ പിരിച്ചെടുത്ത ചികിത്സാ ഫണ്ട് കൈമാറ്റവും നടന്നു.
കോഴിക്കോട്: മലയാളത്തിന്‍റെ ഇതിഹാസ സാഹിത്യകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്‍റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പാതിരാവും പകൽവെളിച്ചവും ആണ് ആദ്യ നോവൽ. പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യ നോവൽ നാലുകെട്ടാണ് (1958). അന്ന് 25 വയസ്സായിരുന്നു എം ടിയുടെ പ്രായം. 1959ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നാലുകെട്ടിനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം (1969), വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം (1984) , എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ അറബിപ്പൊന്ന് (1960), അസുരവിത്ത് (1962), മഞ്ഞ് (1964), വിലാപയാത്ര (1978), വാരാണസി (2002) എന്നിവയാണ് പ്രധാന നോവലുകള്‍. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, രക്തം പുരണ്ട മണ്‍ത്തരികള്‍, വെയിലും നിലാവും , വേദനയുടെ പൂക്കൾ, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, ഡാർ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, ഷര്‍ലക്, തുടങ്ങി വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത നിരവധി കഥകളും എം ടിയുടെ തൂലികയില്‍ പിറന്നു.
തകഴിയെക്കുറിച്ചും, മോഹിനിയാട്ടത്തെപ്പറ്റിയും എം ടി ഡോക്യൂമെന്‍ററികളുമൊരുക്കിയിട്ടുണ്ട്. ഗോപുരനടയിൽ എന്ന പേരില്‍ നാടകവും രചിച്ചു. ആൾക്കൂട്ടത്തിൽ തനിയെ,മനുഷ്യർ നിഴലുകൾ, വൻകടലിലെ തുഴവള്ളക്കാർ എന്നീ യാത്രാവിവരണങ്ങളെഴുതി എൻ പി മുഹമ്മദുമായി ചേര്‍ന്ന് 10 വിശ്വോത്തര കഥകൾ വിവര്‍ത്തനം ചെയ്തു. മാണിക്യക്കല്ല്, ദയ എന്ന പെൺകുട്ടി, തന്ത്രക്കാരി എന്നീ ബാലസാഹിത്യ കൃതികളും എം ടിയുടേതായി പുറത്തുവന്നു. കാഥികന്‍റെ പണിപ്പുര, ഹെമിങ്‌വേ-ഒരു മുഖവുര, കാഥികന്‍റെ കല എന്നീ സാഹിത്യപഠനങ്ങൾ കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്‌ദം, രമണീയം ഒരു കാലം, സ്നേഹാദരങ്ങളോടെ, ഓർമക്കുറിപ്പുകൾ: അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി തുടങ്ങിയ ലേഖനങ്ങളും എം ടി രചിച്ചിട്ടുണ്ട്. ചിത്രത്തെരുവുകൾ എന്ന പേരിൽ ചലച്ചിത്രസ്മരണകൾ പുസ്തകമായി. വാക്കുകളുടെ വിസ്‌മയം എന്ന തലക്കെട്ടില്‍ പ്രസംഗങ്ങളുടെ സമാഹാരവും എം ടിയുടെ പേരിൽ പുറത്ത് വന്നിരുന്നു.
സാഹിത്യജീവിതത്തിന്‍റെ തുടര്‍ച്ച തന്നെയായിരുന്നു എംടിയ്ക്ക് സിനിമാജീവിതവും. 1965 ല്‍ സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടിയുടെ സിനിമാ പ്രവേശം. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശ്ശിരാജ, താഴ്‌വാരം, അക്ഷരങ്ങൾ,ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങി അറുപതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. നിര്‍മ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.1974 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ – സംസ്ഥാന പുരസ്‌ക്കാരങ്ങളും രാഷ്‌ട്രപതിയുടെ സ്വർണമെഡലും നിർമ്മാല്യത്തെ തേടിയെത്തി. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുള്ള അദ്ദേഹത്തെ തേടി മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ എത്തി. ഒരു വടക്കന്‍ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ സിനിമകൾക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.
1933 ജൂലൈ 15ന് ടി നാരായണന്‍ നായരുടെയും തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകനായാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായര്‍ ജനിച്ചത്. കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മലമക്കാവ് എലിമെൻ്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍ രസതന്ത്രം ഐച്ഛിക വിഷയമായെടുത്ത് ബിരുദപഠനം പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായി.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ സാഹിത്യരചന തുടങ്ങിയ എംടിയുടെ കഥകള്‍ കോളേജ് കാലത്ത് ജയകേരളം മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കോളേജ് പഠനകാലത്താണ് ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യകഥാസമാഹാരം പുറത്തിറങ്ങിയതും.
1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മലയാളത്തില്‍ മാതൃഭൂമി നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം എം ടിക്കായിരുന്നു. ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന ആ ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നതോടെയാണ് എം ടിയുടെ സാഹിത്യജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അങ്ങനെ എം ടി വാസുദേവൻ നായർ എന്ന പേര് മലയാളത്തിലെ വായനാസമൂഹത്തിലേക്കെത്തി.
‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ ഇതേ സമയത്ത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍ ‘നാലുകെട്ട്’ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പിന്നീട് ‘സ്വര്‍ഗം തുറക്കുന്ന സമയം’, ‘ഗോപുരനടയില്‍’ എന്നീ കൃതികള്‍ക്കും കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ‘കാലം’- കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും (1970), ‘രണ്ടാമൂഴം’- വയലാര്‍ അവാര്‍ഡും (1985), ‘വാനപ്രസ്ഥം’- ഓടക്കുഴല്‍ അവാര്‍ഡും നേടിയിട്ടുണ്ട്. 1995ൽ ജ്ഞാനപീഠ പുരസ്‌കാരം എംടിക്ക് ലഭിച്ചു. 2005ല്‍ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു. 1996-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു.
അധ്യാപക ജീവിതത്തിൽ നിന്ന് മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍ സ്ഥാനത്തേക്ക് അദ്ദേഹം എത്തി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തു നിന്നു വിരമിച്ച ശേഷം തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനായിരുന്നു. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, സാഹിത്യകാരന്‍, നാടകകൃത്ത് എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ എംടിക്ക് സ്വന്തമാണ്.
രണ്ട് തവണ വിവാഹിതനായ എംടിയുടെ ആദ്യഭാര്യ എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയാണ്. പിന്നീടാണ് പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയെ വിവാഹം ചെയ്തത്. കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലുള്ള വീട് ‘സിതാര’യിലായിരുന്നു ഏറെക്കാലമായി എംടിയുടെ താമസം.
ഊർങ്ങാട്ടിരി: തെഞ്ചേരി പാവണ്ണ എച്ച്ടി ലൈനിൽ ചോല ഭാഗത്ത് തുടർച്ചയായി മരക്കൊമ്പുകൾ വീണുണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ നിന്ന് തെഞ്ചേരി, ചെമ്പ്രമ്മൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ വൈദ്യുതി തടസ്സം ഒഴിവാക്കാൻ വേണ്ടി തെഞ്ചേരി ട്രാൻസ്ഫോർമറിന് താഴെ ഇട്ടൽ ഭാഗത്ത് AB എയർ ബ്രേക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2024 ജൂലൈ മാസത്തിൽ കെഎസ്ഇബി കീഴുപറമ്പ് സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് നിവേദനം നൽകിയിരുന്നു.
അതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഇട്ടലിൽ എബി സ്ഥാപിച്ചത്.
ഈ സാമ്പത്തിക വർഷത്തിൽ എബി സ്ഥാപിക്കുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അന്ന് ഉറപ്പ് നൽകിയിരുന്നു.
മലപ്പുറം : പുതുവത്സരാഘോഷ പാർട്ടികൾ ലക്ഷ്യമിട്ട് ഒമാനിൽനിന്ന് ഇറക്കുമതി ചെയ്ത, ലക്ഷക്കണക്കിനു രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിൽ. 2 മാസം മുൻപു ഒമാനിൽ നിന്നു നാട്ടിലെത്തിയ കാളികാവ് പേവുന്തറ മുഹമ്മദ് ഷബീബിനെയാണ് (31) അഴിഞ്ഞിലത്തെ റിസോർട്ടിന്റെ പാർക്കിങ് ഏരിയയുടെ പരിസരത്തു നിന്നു പൊലീസ് പിടികൂടിയത്.
വിദേശത്തുനിന്നുള്ള നിർദേശപ്രകാരം ആവശ്യക്കാർക്കു ലഹരി കൈമാറാൻ കാത്തുനിൽക്കുന്നതിനിടെയാണു പിടിയിലായത്. 2 നടിമാർക്ക് നൽകാനാണു ലഹരി എത്തിച്ചതെന്നു പ്രതി മൊഴി നൽകിയിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു.
പുതുവത്സര പാർട്ടികൾ ലക്ഷ്യമിട്ടു ജില്ലയിലേക്കു വീര്യമേറിയ സിന്തറ്റിക് ലഹരികൾ എത്തിക്കുന്ന സംഘങ്ങൾ സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. പിടിച്ചെടുത്ത ലഹരി വീര്യം കൂടിയ സെമി ക്രിസ്റ്റൽ രൂപത്തിലുള്ളതാണ്. ഇതിനു ആവശ്യക്കാർ കൂടുതലായതിനാൽ വിലയും കൂടുതലാണെന്നു പ്രതി മൊഴി നൽകി.
ഒമാനിൽ ജോലി ചെയ്യുന്ന ഷബീബ് അവിടെയുള്ള സുഹൃത്തുക്കൾ മുഖേനയാണു എംഡിഎംഎ നാട്ടിലെത്തിച്ചത്. കൊച്ചി, ഗോവ എന്നിവിടങ്ങളിൽ വിൽപന നടത്തി അമിത ലാഭമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതിയുടെ മൊഴി. വിദേശ നിർമിത ലഹരിക്കു നാട്ടിൽ ആവശ്യക്കാർ കൂടുതലാണ്. വിദേശത്തു നിന്നുള്ള നിർദേശപ്രകാരമാണു നാട്ടിലെ ഇടപാടുകാർക്കു എത്തിച്ചു നൽകുന്നതെന്നും ഇയാൾ പൊലീസിനോടു പറഞ്ഞു. ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ ഷബീബിനെ റിമാൻഡ് ചെയ്തു.
അരീക്കോട് : കുനിയിൽ അൻവാർ ഹൈസ്കൂളിൽ 24-12-24 ന് ചൊവ്വ കിഴുപറമ്പ് യൂണിറ്റ് K.S.S.P.U കുടുംബസംഗമം സംഘടിപ്പിച്ചു. കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഹുസൈൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. ശംസുദ്ധീൻ അധ്യക്ഷനായി. എ.പി മുരളിധരൻ മോട്ടിവേഷൻ ക്ലാസ് നടത്തി. കെ.വി ഇബ്രാഹിംകുട്ടി, അരീക്കോട് ബ്ലോക്ക് പ്രസിഡന്റ്, കൃഷ്ണൻ കാപ്പൂട്ടിൽ, വൈപി അബൂബക്കർ, കെ.എൻ മുഹമ്മദലി, ടി. ജയകൃഷ്ണൻ, കെ.സി അബ്ദു, എൻ. അബ്ദുൽ കരീം, സി.കെ അബുബക്കർ എന്നിവർ പ്രസംഗിച്ചു. കിഴുപറമ്പ് യൂണിറ്റിലെ അംഗങ്ങൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. യൂണിറ്റ് സെക്രെട്ടറി ടി. മുഹമ്മദലി സ്വാഗതവും ജോ:സെക്രട്ടറി കെ. കുട്ടി ഹസ്സൻ നന്ദിയും പറഞ്ഞു.
അരീക്കോട്: അരീക്കോട് ചെമ്രക്കാട്ടൂർ ലീഗ്ഹൗസ് ഓഫീസ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനം അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പി.കെ ബഷീർ എം എൽ എ, നജീബ് കാന്തപുരം എം എൽ എ, സന്ദീപ് വാര്യർ, സഫറുള്ള, കെ ടി അശ്രഫ് തുടങ്ങിയവർ പ്രസംഗിച്ച ചടങ്ങ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പത്തനാപുരം: പത്തനാപുരം യൂണിറ്റ് എംഎസ്എഫ് സമ്മേളനം കവിയും, എഴുത്തു കാരനുമായ ഇകെഎം പന്നുർ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ഏറനാട് മണ്ഡലം ട്രഷറർ അനസ് കാരാട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫായിസ് എംപി സ്വാഗതവും, കീഴ്പറമ്പ് പഞ്ചായത്ത് സ്ഥലം വാർഡ് മെമ്പർ അബ്ദുറഹീം എംപി എന്റെ ദേശത്തിന്റെ കഥ അവതരിപ്പിക്കുകയും ഏറനാട് മണ്ഡലം പ്രസിഡന്റ് ഹബീബ് തെഞ്ചേരി സമ്മേളനത്തിലെ മുഖ്യ പ്രഭാഷണം നിർവഹിക്കുകയും ചെയ്തു. കീഴുപറമ്പ് പഞ്ചായത്ത് എംഎസ്എഫ് ഭാരവാഹി
റഷാദ് അബ്ദുസമദ്, മുസ്‌ലിം ലീഗ് പത്തനാപുരം യൂണിറ്റ് സെക്രട്ടറി ഷഫീക് അലി എൻവി, ഹമീദ് എൻവി, വിപി ഉമ്മർ, ഷഹബാസ് കെ എന്നിവർ ആശംസകൾ അറിയിച്ച സമ്മേളനം ഹരിത പ്രസിഡന്റ് ഷുറൂഖ എംകെ നന്ദിയും പറഞ്ഞു.
കീഴുപറമ്പ്: കീഴുപറമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റൂളി അങ്ങാടിയിൽ സംഘടിപ്പിച്ച ലീഡർ കെ കരുണാകരൻ അനുസ്മരണ ഉദ്‌ഘാടനം ഡിസിസി എക്സികുട്ടീവ് അംഗം എംകെ കുഞ്ഞിമുഹമ്മദ് നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എംകെ ഫാസിൽ അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ആഞ്ഞങ്ങാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി രാമകൃഷ്ണൻ, പാലശ്ശേരി അബ്ദുള്ള മാസ്റ്റർ, എം അരവിന്ദാക്ഷൻ, അലി കാരങ്ങാടൻ, ജലീൽ എടക്കര, വി. നിസാമുദ്ധീൻ, കൊന്നാലത്ത് മുഹമ്മദ്, വൈപി മഹമൂദ്, കെഎസ്‌യു ജില്ലാ സെക്രട്ടറി ഫയാസ് എംടി, സദഖത്തുള്ള ടികെ, സി ഹരിദാസൻ, ചെവിടിയിൽ ഉബൈദുള്ള, പ്രകാശൻ ആഞ്ഞങ്ങാട്, പാലശ്ശേരി അബ്ദുറഹിമാൻ, ജോയ് മാന്തോട്ടത്തിൽ, സണ്ണി മാന്തോട്ടത്തിൽ, യൂസഫ് പത്തനാപുരം, നാസർ പട്ടാക്കൽ, പി. നിസാർ, കബീർ ടിപി, ബാബുമോൻ കുറ്റൂളി, വിവേക് പി, ഷിന്റോ വി ലൂയിസ് തുടങ്ങിയവർ സംസാരിച്ചു. പികെ നിസാർ സ്വാഗതവും ഇഡി ജോജൻ നന്ദിയും രേഖപ്പെടുത്തി.
അരീക്കോട്: മുസ്‌ലിം സമുദായത്തെ അപരവത്കരിക്കാൻ സംഘ് പരിവാർ നടത്തുന്ന നുണ പ്രചാരണങ്ങളെ സാധൂകരിക്കുന്നത്
സി.പി.എം നേതാക്കൾ അവസാനിപ്പിക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ലാ പ്രതിനിധി സമ്മേളനം (എൻ വിഷൻ -24 ) ആവശ്യപ്പെട്ടു. മുസ്‌ലിം ഭൂരിപകഷ പങ്കാളിത്തത്തോടെയുള്ള തെരഞ്ഞെടുപ്പ് വിജയങ്ങളെയും വ്യായാമ മുറകളെയുമെല്ലാം വർഗീയ തീവ്രവാദ ചാപ്പ കുത്തുന്നത് കടുത്ത അപരാധമാണ്. മുസ്‌ലിം സമുദായത്തിൻ്റെ പൊതു ഇടങ്ങളിലെ പങ്കാളിത്തത്തെ ദുരൂഹതയിലാക്കുന്നത് സംഘ് പരിവാറിന് വഴി ‘തുറക്കലാണെന്ന യാഥാർത്ഥ്യം സി.പി.എം നേതാക്കൾ ഇനിയെങ്കിലും ഉൾകൊള്ളണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
ജിന്ന് മനുഷ്യ ശരീരത്തിൽ കയറുമെന്നും രോഗമുണ്ടാക്കുമെന്നും ജിന്ന് ചികിത്സയും മാരണവും ക്രൂടോതവും ഫലിക്കുമെന്നുമൊക്കെയുളള അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള നവയാഥാസ്ഥിതിക ശ്രമങ്ങൾക്കെതിരെ വിശ്വാസികൾ ജാഗ്രവത്താവണം. മുജാഹിദ് പ്രസ്ഥാനത്തിൻ്റെ പേരിൽ അന്ധ വിശ്വാസ പ്രചാരണം നടത്തുനവർക്കെതിരെ ശക്തമായ ആദർശ പ്രതിരോധം തീർക്കുമെന്ന് സമ്മേളനം വ്യക്തമാക്കി. കെ എൻ എം മർക്കസു ദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എം സൈതലവി എഞ്ചിനീയർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ. യു പി യഹ് യാഖാൻ മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എം അഹ്മദ് കുട്ടി മദനി എടവണ്ണ, എം ടി മനാഫ് മാസ്റ്റർ, കെ .പി അബ്ദുറഹ്മാൻ സുല്ലമി, അബ്ദു ലത്തീഫ് കരുസമ്പുലാക്കൽ,ഡോ.ജാബിർ അമാനി, ബിപിഎ ഗഫൂർ, കെ അബ്ദുൽ അസീസ് മദനി, എം.പി അബ്ദുൽകരീം സുല്ലമി ,കെ. അബ്ദുൽ അസീസ് മാസ്റ്റർ, എ.നൂറുദ്ദീൻ, വി ടി ഹംസ,കെ എം ബഷീർ, ശാക്കിർ ബാബു കുനിയിൽ, അബ്ദുറഷീദ് ഉഗ്രപുരം, ശംസുദ്ധീൻ അയനിക്കോട്, ഫാസിൽ ആലുക്കർ, ബിലാൽ പുളിക്കൽ സംസാരിച്ചു.
അരീക്കോട് : അരീക്കോട് ടൗണിലെ പാതയോരങ്ങളിൽ അലങ്കാര ചെടികൾ വെച്ചു പിടിപ്പിക്കുന്ന ‘ഹരിതാഭം’ പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷർ കല്ലട നിർവ്വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. സുഹൂദ് മാസ്റ്റർ, എൻ.വി ദാവൂദ് സാഹിബ് തുടങ്ങിയവർ സംബന്ധിച്ചു.









