Author

admin

Browsing

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു.

ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്.

കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സെപ്തംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.

നിലമ്പൂർ പോത്തുകല്ലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു. രണ്ട് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം. ഇന്ന് ഉച്ചക്കുശേഷം ആണ്അപകടം. വയനാട് വൈത്തിരി 6ആം മൈൽ പൊഴുതന സ്വദേശി പേരിക്കാത്തറ മൊയീൻ 85 വയസ്സ് മരണപ്പെട്ടത്.

പരിക്കേറ്റ ഒരാളെ നിലമ്പൂർ ജില്ലാ ഹോസ്പിറ്റലിലും ഗുരുതര പരിക്കേറ്റ ഒരാളെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. മരണപ്പെട്ട ആളുടെ മൃതദേഹം നിലമ്പൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് ന​ഗരമധ്യത്തിൽ എംഡിഎംഎ വിൽപന നടത്തിയ സംഘം പിടിയിൽ. തിരൂരങ്ങാടി സ്വദേശികളായ ലിബുലു സഹാസ്, അജ്മൽ പി പി, മുനവീർ കെ പി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 220 ​ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

കോഴിക്കോട് പുതിയ സ്റ്റാന്റ് പരിസരത്ത് വെച്ച് എംഡിഎംഎ വിൽപന നടത്തുന്നതിനിടെയായിരുന്നു സംഘത്തെ അറസ്റ്റ് ചെയ്തത്. ലഹരി ബെം​ഗളൂരുവിൽ നിന്ന് എത്തിച്ചതാണെന്നാണ് റിപ്പോർട്ട്.

തൃശൂർ: തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. മലപ്പുറം കാളികാവ് സ്വദേശി ഉസൈൻ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. നെടുപുഴയ്ക്ക് സമീപം വെച്ചായിരുന്നു അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

കേരളത്തില്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഗതാഗത നിയമ ലംഘനങ്ങളും അതേ ഗൗരവത്തില്‍ ചര്‍ച്ചയാകണം. കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്തുണ്ടായ ഗതാഗത നിയമലംഘന കേസുകളും അതിനായി നല്‍കിയ പിഴ തുകയും ഞെട്ടിക്കുന്നതാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗതാഗത നിയമലംഘനത്തിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 62,81458 കേസുകള്‍. ഇ ചലാന്‍ പോര്‍ട്ടല്‍ വഴി മാത്രം എടുത്ത കേസുകളുടെ കണക്കാണ്. 18537 ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തു. നിയമലംഘകരിൽ നിന്ന് 526 കോടി പിഴ ഈടാക്കന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

ഗതാഗത നിയമലംഘനങ്ങളില്‍ മുന്നില്‍ തലസ്ഥാന ജില്ലായാണ്. തിരുവനന്തപുരത്ത് ഒരു വര്‍ഷത്തിനിടെ 11 ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തി. പിഴയട്ക്കാന്‍ നോട്ടീസ് നല്‍കിയത് 88 കോടി രൂപ. എറണാകുളവും, കൊല്ലവും, കോഴിക്കോടുമാണ് തൊട്ടുപിന്നില്‍. അതസമയം, പിഴ അടയ്ക്കുന്നതിലും ഈടാക്കുന്നതിലും വിമുഖതയെന്നാണ് കണക്കുകള്‍. 526 കോടി പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ സര്‍ക്കാരിലേക്ക് എത്തിയത് 123 കോടി രൂപ മാത്രം. പരിശോധനകളും എ.ഐ കാമറയും നിയമലംഘകരെ ബാധിക്കുന്നില്ലെന്ന് ചുരുക്കം.

ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ്, ഒരു സിവിൽ കോഡ് എന്നതിലേക്ക് ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മവാർഷിക പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയത്തിനെതിരെയും യൂണിഫോം സിവിൽ കോഡിനെതിരെയും പ്രതിപക്ഷം കടുത്ത എതിർപ്പ് ഉയർത്തുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് ആവർത്തിച്ചത്.

ഭരണഘടന പൂർണതോതിൽ നടപ്പാക്കാൻ തനിക്ക് കഴിഞ്ഞെന്ന് കാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുമാറ്റിയത് പരാമർശിച്ച് മോദി പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തെ ഐക്യവും അഖണ്ഡതയും കൂടുതൽ ഉറപ്പിക്കാൻ കഴിഞ്ഞു. സർക്കാറിന്റെ നയങ്ങളും പദ്ധതികളും രാജ്യത്തിൻറെ ഐക്യത്തിൽ ഊന്നിയാണെന്ന് മോദി പറഞ്ഞു. ഗുജറാത്തിലെ കെവാഡിയയിലെ സർദാർ പട്ടേലിന്റെ ഏകതാ പ്രതിമയിൽ നരേന്ദ്രമോദി പുഷ്പാർച്ചന നടത്തി.ശേഷം ഏകതാ പ്രതിജ്ഞ ചൊല്ലിയ പ്രധാനമന്ത്രി വിവിധ സേനാ വിഭവങ്ങൾ നടത്തിയ രാഷ്ട്രീയ ഏകത ദിവസ് പരേഡും വീക്ഷിച്ചു.

ഉത്സവ-വിവാഹ സീസണുകളിൽ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാകുകയാണ് സ്വർണ വിലക്കയറ്റം. ഇന്ന് ഒരു പവന് സ്വർണത്തിന് 120 രൂപ വര്‍ധിച്ച് 59,640 രൂപയിലെത്തി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 7455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസമാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്.

ഈ മാസം ആദ്യം 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണവില ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര വിലയുടെ ചുവട് പിടിച്ചാണ് സംസ്ഥാനത്തും സ്വർണവിലക്കയറ്റം. ദീപാവലി ദിവസം സ്വർണം വാങ്ങുന്നത് ലക്ഷ്മീദേവിയെ ആരാധിക്കുന്നതിന് തുല്യമായി വിശ്വസിക്കുന്നവരുണ്ട്. അങ്ങനെ സ്വർണം വാങ്ങാനിരിക്കുന്നവർക്കെല്ലാം പ്രതിസന്ധിയാവുകയാണ് പാറിപ്പറക്കുന്ന സ്വർണ വില.

രാജ്യാന്തര വില ഔൺസിന് 2,700 ഡോളറിന് മുകളിൽ തുടരുകയാണ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതത്വവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളുമൊക്കെയാണ് സ്വർണ വില കൂടാനിടയാക്കുന്നത്.

മലപ്പുറം: ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളിൽ ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അറ്റന്ററായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. സെക്ഷനുകൾ ഓരോന്നായി അടയ്ക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ഉടനെ ജൗഹറിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പാമ്പുപിടിത്തക്കാരനെ എത്തിച്ച് പാമ്പിനെ പിടികൂടുകയുംചെയ്തു.

കടിച്ചത് വിഷമില്ലാത്ത ഇനമായ മോൺടെൻ ട്രിൻകറ്റ് വിഭാഗത്തിൽപ്പെട്ട പാമ്പാണ് മുഹമ്മദിനെ കടിച്ചതെന്ന് വിദഗ്ധർ പറഞ്ഞു. ഗവ ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിന് പിൻഭാഗത്തുള്ള ശിക്ഷക് സദൻ കെട്ടിടത്തിലാണ് താത്കാലികമായി ഡിഡിഇ ഓഫീസ് പ്രവർത്തിക്കുന്നത്. സ്വന്തം കെട്ടിടം പൊളിച്ചതിനാൽ താത്കാലികമായി ഇങ്ങോട്ട് മാറുകയായിരുന്നു. ഈ കെട്ടിടത്തിനടുത്താണ് ടെക്‌സ്റ്റ് ബുക്ക് ഡിപ്പോയുടെ തകർന്ന കെട്ടിടങ്ങൾ. ഇവിടങ്ങളിൽ മുമ്പും പാമ്പുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

എടക്കര : പോത്തുകല്ല് ഉപ്പട ആനക്കല്ലിൽ ഭൂമിക്കടിയിൽ നിന്ന് തുടർച്ചയായി ശബ്ദം ഉണ്ടാകുന്നതിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വിഭാഗം. സ്ഥലം സന്ദർശിച്ച ജില്ലാ ജിയോളജി, ദുരന്ത നിവാരണ വിഭാഗമാണ് ആശങ്കപ്പെടാനില്ലന്ന് പ്രാഥമികമായി വിലയിരുത്തിയത്. ആനക്കല്ല് കുന്നുമ്മലിൽ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദം കേട്ടത്. തുടർന്ന് നാട്ടുകാർ വീടിന് പുറത്തിറങ്ങി. വീടുകൾക്ക് വിള്ളലും അനുഭവപ്പെട്ടിരുന്നു. തുടർന്ന് പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ജില്ലാ ജിയോളജിസ്റ്റ് റീനാ നാരായണൻ, ദുരന്ത നിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ് ടി.എസ്. ആതിഥ്യ, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഹജീഷ് തുടങ്ങിയവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. വിള്ളൽ കണ്ടെത്തിയ വീടുകൾ, കുഴൽക്കിണറുകൾ, കിണർ എന്നിവ സംഘം പരിശോധിച്ചു. ഭൂജല വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. റിപ്പോർട്ട് കളക്ടർക്ക് കൈമാറും. പ്രദേശത്ത് നിരവധി തവണ ഭൂമിക്കടിയിൽ നിന്ന് തുടർച്ചയായി ശബ്ദങ്ങൾ ഉണ്ടായെങ്കിലും അധികൃതർ ഗൗരവമായി കാണുന്നില്ലെന്ന് പ്രദേശവാസികൾക്ക് ആക്ഷേപമുണ്ട്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താത്തതിലും നാട്ടുകാർക്ക് അമർഷമുണ്ട്.

പ്രദേശത്ത് ജീവിക്കാൻ ആശങ്കയുണ്ടെന്നും സംഭവത്തിന്റെ കാരണവും തുടർ നടപടികളും ജനങ്ങളെ അറിയിക്കണമെന്നും നാട്ടുകാർ ജിയോളജി സംഘത്തോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് വൻശബ്ദത്തോടെ ആദ്യം മുഴക്കമുണ്ടായത്. ഇതിന് ശേഷം പത്തേമുക്കാലോടെ വീണ്ടും സമാനമായ ശബ്ദവമുണ്ടായതോടെ വീടുകൾ പ്രകമ്പനം കൊള്ളുന്ന അവസ്ഥയുണ്ടായി. പുലർച്ചെയും മുഴക്കം തുടർന്നു. രണ്ട് ദിവസങ്ങളിലായി പത്തിലേറെ തവണ ഭൂമിക്കടിയിൽ നിന്ന് ഉഗ്രശബ്ദമുണ്ടായി. രണ്ട് കിലോമീറ്റർ വരെ പ്രകമ്പനവും ഇടിമുഴക്ക ശബ്ദവും ഉണ്ടായി. ചില വീടുകൾക്കുള്ളിൽ നേരിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ കുഴൽ ക്കിണറുകളിലെ വെള്ളം കലങ്ങിയിട്ടുണ്ട്. ഇതേ തുടർന്ന് ജനങ്ങൾ കൂടുതൽ ഭീതിയിലായിരിക്കുകയാണ്.

ചൊവ്വാഴ്ച രാത്രി തന്നെ പോത്തുകൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളും, പോത്തുകൽ പൊലീസും വില്ലേജ് ഓഫീസർ അടക്കമുള്ള അധികൃതരും സ്ഥലത്തെത്തി ജനങ്ങളെ ഞെട്ടിക്കുളം എ.യു.പി സ്‌കൂളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിത്താമസിപ്പിച്ചിരുന്നു. ഇവർ ബുധനാഴ്ച രാവിലെ തന്നെ ആനക്കല്ലിലെ വീടുകളിലേക്ക് തിരിച്ചെത്തി. ചിലർ ബന്ധുവീടുകളിലേക്കും മറ്റും താത്കാലികമായി താമസം മാറ്റി. കുഴൽക്കിണറുകൾ കൂടുതലായി നിർമ്മിച്ച പ്രദേശമാണ് ആനക്കല്ല്. ഇതിന്റെ തുടർപ്രതിഭാസമാണ് ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദമെന്നാണ് ജിയോളജി അധികൃതരുടെ നിഗമനം. മുമ്പ് മൂന്ന് തവണ ഈ മേഖലയിൽ ഭൂമിക്കടിയിൽ നിന്നും വൻ ശബ്ദമുണ്ടായിട്ടുണ്ട്. പത്ത് ദിവസം മുമ്പ് ഭൂമിക്കടിയിൽ നിന്ന് ശബ്ദമുണ്ടായത് സംബന്ധിച്ച് ജിയോളജി വിഭാഗം പരിശോധന നടത്തിയിരുന്നെങ്കിലും
റിപ്പോർട്ട് നൽകുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.

അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കാര്യക്ഷമമായ പരിശോധനകളും തുടർ നടപടികളും സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം,ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി.

ആനക്കല്ലിൽ സ്‌ഫോടന ശബ്ദം ഭീതി പരത്തിയ പ്രദേശത്ത് 22 കുഴൽക്കിണറുകൾ. മേലേ ആനക്കല്ലിലെ കുന്നിൻ മുകളിലാണ് 80 കുടുംബങ്ങൾ കഴിയുന്ന പ്രദേശത്ത് 22 കുഴൽ കിണറുകൾ സ്ഥിതി ചെയ്യുന്നത്. ഇതിൽ രണ്ടെണ്ണം ഉപയോഗ ശൂന്യമാണ്. പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം മറികടക്കാനും കൃഷിക്കുമാണ് നിരവധി കുടുംബങ്ങൾ കുഴൽക്കിണർ നിർമ്മിച്ചിട്ടുള്ളത്.

ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും കുഴൽക്കിണർ സംബന്ധിച്ച വിവരങ്ങളാണ് പ്രാഥമികമായി അന്വേഷിച്ചത്. അനിയന്ത്രിതമായ കുഴൽക്കിണർ നിർമ്മാണമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നത്. മൂന്നുവർഷം മുമ്പ് ആനക്കല്ലിനോട് തൊട്ട് ചേർന്ന ഉപ്പട പ്രദേശത്ത് കുഴൽക്കിണർ കുഴിക്കവെ ഉഗ്ര സ്‌ഫോടന ശബ്ദം കേട്ടിരുന്നു. പ്രദേശത്തെ നിരവധി വീടുകൾക്ക് വിള്ളൽ വീണിരുന്നതായും നാട്ടുകാർ പറയുന്നു. അന്ന് ജിയോളജി സംഘമെത്തി കുഴൽക്കിണർ നിർമ്മാണം നിറുത്തിവയ്പ്പിച്ചു.