തിരുവനന്തപുരം: ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന ‘ഡെയ്ഞ്ചറസ് വൈബ്’ (Dangerous Vibe) എന്ന സിനിമ ജൂൺ 29 തിങ്കളാഴ്ച കേരള നിയമസഭയിൽ പ്രദർശിപ്പിക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നിയമസഭാ സമാജികർക്കായി സ്പീക്കറുടെ പ്രത്യേക അനുമതിയോടെയാണ് ഈ സവിശേഷ പ്രദർശനം ഒരുക്കിയിരിക്കുന്നത്. കൊടിയത്തൂർ സ്വദേശിയായ ഫൈസൽ ഹുസൈൻ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

Dangerous vibeസംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ലഹരിവേട്ട പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പശ്ചാത്തലമാക്കി, ലഹരിമാഫിയകളുടെ വേരറുക്കാൻ പോരാടുന്ന പോലീസ് ഓഫീസറുടെ കഥയാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. സമൂഹത്തിലേക്ക് ശക്തമായ ലഹരിവിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച ഈ ചിത്രത്തിന് 40 മിനിറ്റാണ് ദൈർഘ്യം. ‘ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറി’യുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

അപ്പുണ്ണി ശശി, ജയരാജ് കോഴിക്കോട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം അൻഷി, പനാലി ജുനൈസ്, ഹരിത്, ഇന്ദിര, അർഷാദ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. സിനിമയിൽ ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിലും അത് നിയമസഭയിൽ പ്രദർശിപ്പിക്കുന്ന വാർത്ത അറിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിൽ വേഷമിട്ട അയ്യൂബ് മണ്ണിൽ തൊടി വ്യക്തമാക്കി. ചിത്രത്തിന്റെ പ്രിവ്യൂ ഷോ നേരത്തെ കോഴിക്കോട് എ.ആർ.സി. കൊറോണേഷൻ തിയേറ്ററിൽ വെച്ച് നടന്നിരുന്നു. നിയമസഭയിലെ പ്രദർശനത്തിന് ശേഷം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാനവ്യാപകമായും ചിത്രത്തിന്റെ പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

Author

Muhmmed Nuhman P is the Chief Editor of Areekode News, a Malayalam digital news outlet based in Areekode, Malappuram. He holds an MSc in Electronic Media from Pondicherry University and reports on local, district, and Gulf news for Malayalam readers.

Comments are closed.