Tag

GVHSS Keezhuparamba

Browsing

കീഴുപറമ്പ്: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ ടൈപ്പ് 2) ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായ നിധിയിലേക്ക് കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ് ഒരു ലക്ഷം രൂപ കൈമാറി. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നാണ് തുക സമാഹരിച്ചത്.

എസ്.പി.സി, ജെ.ആർ.സി, എൻ.എസ്.എസ് ഒത്തൊരുമിച്ച്

സ്കൂളിലെ എസ്.പി.സി, ജെ.ആർ.സി, എൻ.എസ്.എസ് യൂണിറ്റുകളുടെയും സ്റ്റാഫ്, പി.ടി.എ എന്നിവയുടെയും കൂട്ടായ നേതൃത്വത്തിലായിരുന്നു ധനസമാഹരണം. മുക്കം നഗരസഭാ അധ്യക്ഷയും ചികിത്സാ സഹായ സമിതി രക്ഷാധികാരിയുമായ അഡ്വ. ചാന്ദിനി സമിതിക്കുവേണ്ടി തുക ഏറ്റുവാങ്ങി.

ചികിത്സാ സഹായ നിധി കമ്മിറ്റി അംഗങ്ങളായ ഡെപ്യൂട്ടി ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, കൗൺസിലർ കെ. ബാബു, കെ. വിജയൻ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ പ്രിയവദ, ഹെഡ്മാസ്റ്റർ സാദിഖലി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പ്രവീൺകുമാർ, പി.ടി.എ പ്രസിഡന്റ് അലി കരുവാടൻ, വൈസ് പ്രസിഡന്റ് അഫ്സൽ ബാബു, എസ്.പി.സി സി.പി.ഒ സൈരാബാനു, സുരേന്ദ്രൻ, പ്രിയ കെ., എൻ.എസ്.എസ് കോർഡിനേറ്റർമാരായ ആശ വി., സലാഹുദ്ദീൻ എന്നിവർ സംബന്ധിച്ചു.

മൂന്ന് കുരുന്നുകളുടെ ജീവിതത്തിന് പ്രതീക്ഷ പകരാൻ വിദ്യാലയ സമൂഹം ഒറ്റക്കെട്ടായി നടത്തിയ ഈ കാരുണ്യപ്രവർത്തനം മാതൃകയായി.

കീഴുപറമ്പ്: സംസ്ഥാന ശാസ്ത്രോത്സവത്തിന്റെ ഭാഗമായ പ്രവൃത്തിപരിചയ മേളയിൽ ഒന്നാം സ്ഥാനം നേടി കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസിലെ ദേവ്ന മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി. മണ്ണാർക്കാട് നടന്ന മേളയിൽ ‘ഓൺ ദ സ്പോട്ട്’ വിഭാഗത്തിലെ പാവ നിർമാണത്തിലാണ് ദേവ്ന ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയത്.

മൂന്ന് മണിക്കൂറിൽ ആറ് സംസ്ഥാനങ്ങളുടെ നൃത്തരൂപങ്ങൾ

ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങളെ ആടയാഭരണങ്ങൾ ഉൾപ്പെടെ അണിയിച്ച പാവകൾ മൂന്ന് മണിക്കൂറിനുള്ളിൽ ദേവ്ന പൂർത്തിയാക്കി. മോഹിനിയാട്ടം (കേരളം), കഥക് (ഉത്തർപ്രദേശ്), ഗർബ (ഗുജറാത്ത്), മണിപ്പൂരി (മണിപ്പൂർ), സത്രിയ (അസം), ഘൂമർ (രാജസ്ഥാൻ) എന്നീ നൃത്തരൂപങ്ങളാണ് പാവകളായി ഒരുക്കിയത്.

കഴിഞ്ഞ വർഷം സ്കൂളിൽ ആരംഭിച്ച ‘ക്രിയേറ്റീവ് കോർണർ’ പ്രവർത്തനങ്ങളും വർക്ക് എക്സ്പീരിയൻസ് അധ്യാപകൻ ദീപക്കിന്റെ പിന്തുണയുമാണ് വിജയത്തിന് വഴിയൊരുക്കിയത്.

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദേവ്ന, ചെങ്ങര ഗവ. യു.പി. സ്കൂൾ അധ്യാപിക ഷിജിയുടെയും തൃക്കളയൂർ സ്വദേശി ശശികുമാറിന്റെയും മകളാണ്.