മലപ്പുറം: ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ബോട്‌ലിങ് പ്ലാന്റിൽ നിന്ന് ഏജൻസികളിലേക്കു കൊണ്ടുപോകുന്ന പാചകവാതക സിലിണ്ടറുകളിൽ ദ്രവ വസ്തുക്കൾ കലർത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു കലക്ടർ വി.ആർ.വിനോദ്. ഇത്തരം തട്ടിപ്പു നടത്തുന്നതിനായി മാഫിയ പ്രവർത്തിക്കുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്.

സിലിണ്ടറുകളിൽ നിന്നു പാചകവാതകം ചോർത്തി വെള്ളമോ മറ്റ് മായങ്ങളോ ചേർത്ത് ഏജൻസികളിൽ എത്തിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തോടൊപ്പം മനുഷ്യ ജീവനു വരെ അപകടങ്ങൾക്കു കാരണമാകുന്നതാണിത്.

ഇതുമായി ബന്ധപ്പെട്ട  ലഭിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ സംശയകരമായ സാഹചര്യത്തിൽ വഴിയിൽ നിർത്തി സിലിണ്ടറുകൾ പുറത്തെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിനെ അറിയിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു.

സിലിണ്ടറുകളിൽ മായം കലർത്തി ഏജൻസികളിൽ എത്തിക്കുന്ന മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും ഇതിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ഇൻഡേൻ ബോട്‌ലിങ് പ്ലാന്റ് ചീഫ് പ്ലാന്റ് മാനേജറാണ് മലപ്പുറം  കലക്ടർക്കു നിവേദനം നൽകിയത്.

കോഴിക്കോട് ജില്ലയിലെ ഒരു പാചകവാതക വിതരണ ഏജൻസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവേദനം. പ്ലാന്റിൽനിന്നു കൊണ്ടുപോകുന്ന സിലിണ്ടറുകളിൽ മായം കലർത്തുന്ന സംഘടിത മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. ഐഒസി ബ്രാൻഡിനു മോശം പ്രതിഛായ ഉണ്ടാകുന്നതിനും വിപണിയിൽ തിരിച്ചടിയുണ്ടാകുന്നതിനും ഇത് കാരണമാകുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ഏതാനും മാസങ്ങളായി ദ്രാവക രൂപത്തിലുള്ള എന്തോ വസ്തു കലർത്തിയ സിലിണ്ടറുകൾ ലഭിക്കുന്നതായാണു ഗ്യാസ് ഏജൻസി പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. രണ്ട് മാസത്തിനിടെ ഇത്തരത്തിലുള്ള എഴുപതോളം സിലിണ്ടറുകൾ ലഭിച്ചതായും പ്ലാന്റിലെ ചില ഡ്രൈവർമാർക്ക് ഇതിൽ പങ്കുള്ളതായി സംശയിക്കുന്നതായും ഇതിൽ ആരോപിച്ചിരുന്നു. വിഷയത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ട് ചേളാരി ബോട്‌ലിങ് പ്ലാന്റിലെ യൂണിയൻ പ്രതിനിധികളും കലക്ടർക്കു പരാതി നൽകിയിട്ടുണ്ട്.

Author

Muhmmed Nuhman P is the Chief Editor of Areekode News, a Malayalam digital news outlet based in Areekode, Malappuram. He holds an MSc in Electronic Media from Pondicherry University and reports on local, district, and Gulf news for Malayalam readers.

Comments are closed.